നഗരത്തിലെ പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ നിറയുന്നു. കോഴിക്കോടിനെ മികച്ച ശുചിത്വ സംസ്കാരമുള്ള നഗരമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച അഴക് പദ്ധതി പാളിയതോടെ നഗരം മാലിന്യക്കൂമ്പാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്.
കോഴിക്കോട്:
ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് യാത്രക്കാരില്‍ പലരും അലക്ഷ്യമായി വലിച്ചെറിയുന്നതും പല സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്നതുമായ മാലിന്യങ്ങളാണ് നഗരത്തിന്റെ പലഭാഗങ്ങളിലായി കുമിഞ്ഞുകൂടുന്നത്. മാവൂര്‍ റോഡ് ശ്മശാനത്തിന് സമീപം, വെെക്കം മുഹമ്മദ് ബഷീര്‍ റോഡ്, പാളയം, ബീച്ച് ഇവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് ഉള്‍പ്പടെ മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടും കണ്ണടയ്ക്കുകയാണ് അധികൃതര്‍.
ദുര്‍ഗന്ധം കൊണ്ട് പരിസരത്തുകൂടി നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. വിവിധ ഇടങ്ങളില്‍ നിന്ന് ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് വെെക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ നിക്ഷേപിക്കുന്നത്. മാലിന്യം കുമിഞ്ഞ് കൂടി റോഡിലൂടെ നടക്കാന്‍ സാധിക്കാതായതോടെ കോര്‍പ്പറേഷന്‍ ഇടപെട്ട് മാലിന്യം നീക്കിയെങ്കിലും വീണ്ടും ഇവിടെ മാലിന്യം കുന്നുകൂടുകയാണ്. മത്സ്യ-മാംസാവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും അഴുകി പരന്നതോടെ ഈ വഴിയിലൂടെ മൂക്കുപൊത്താതെ നടക്കാനാവില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ നിറഞ്ഞതോടെ തെരുവുനായ്ക്കളും താവളമാക്കുന്നത് ഇവിടെയാണ്. ഇതുവഴി പോകുന്നവരുടെ നേരെ നായകള്‍ കുരച്ചു ചാടുന്നതിനാല്‍ കാല്‍നട മാത്രമല്ല വാഹനയാത്രപോലും സാദ്ധ്യമല്ലാതായിട്ടുണ്ട്. കൂടാതെ രാത്രിയിലും അതിരാവിലെയും റോഡിലാരുമില്ലാത്ത സമയം നോക്കി പലരും മാലിന്യങ്ങള്‍ കൊണ്ടിടുന്നതും പതിവാണ്.
0 Comments