കുന്ദമംഗലം:
08/01/2025
മണ്ഡലത്തില്‍ മത്സ്യ വിപണനത്തിന് നൂതന പദ്ധതിയുമായി പി.ടി.എ റഹീം എം.എല്‍.എ. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭാക്താക്കളുടെ കൈകളിലെത്തിക്കാന്‍ മൊബൈല്‍ യൂണിറ്റായ അന്തിപ്പച്ച പദ്ധതിയായാണ് ഇതിന്റ പ്രവര്‍ത്തനം. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ വാഹനത്തില്‍ അതാത് ദിവസത്തെ മത്സ്യം അന്നന്ന് തന്നെ ഗുണനിലവാരത്തോടെ ലഭ്യമാക്കിക്കൊണ്ട് മത്സ്യ വിപണനത്തിന് പുതിയ രീതി പ്രാവര്‍ത്തികമാക്കുന്നതാണ് ഈ പദ്ധതി. പച്ച മത്സ്യത്തിന് പുറമെ മത്സ്യ അച്ചാറുകള്‍, മത്സ്യ കട്ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തിപ്പൊടി, റെഡി ടു കുക്ക് വിഭവങ്ങളായ മത്സ്യ കറിക്കൂട്ടുകള്‍, ഫ്രൈ മസാല എന്നിവയും അന്തിപ്പച്ച വാഹനത്തില്‍ ലഭ്യമാക്കും. ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യതയും സ്വാദിഷ്ടമായ മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യവും ഗുണമേന്‍മയും ശുചിത്വവുമാണ് അന്തിപ്പച്ച യൂണിറ്റ് ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യഫെഡ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന അന്തിപ്പച്ച പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ 09-01-2025 വ്യാഴം ഉച്ചക്ക് 2-30ന് കുന്ദമംഗലം ബ്ലോക്ക് ഓപന്‍ എയര്‍ സ്റ്റേജ് പരിസരത്ത് വെച്ച് നിര്‍വ്വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
0 Comments